ഫുട്ബോൾ ഇതിഹാസം പോലീസിൽ നിന്നും പടിയിറങ്ങി

 

ഇതിഹാസ ഇന്ത്യൻ ഫുട്ബോള്‍ താരവും മുൻ നായകനുമായ ഐഎം വിജയൻ പൊലീസില്‍ നിന്നു വിരമിച്ചു. 56ാം പിറന്നാള്‍ ദിനത്തിലാണ് 38 വർഷം നീണ്ട സേവനത്തിനൊടുവിലാണ് വിജയൻ പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കുന്നത്.


മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയില്‍ നിന്നാണ് വിജയന്റെ പടിയിറക്കം. ഈ മാസം 30ഓടെ അദ്ദേഹത്തിന്റെ സർവീസ് കാലാവധി പൂർത്തിയാകും.


ഫുട്ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയൻ പില്‍ക്കാലത്ത് മാറി. ഇന്നലെ ഫെയർവെല്‍ പരേഡില്‍ സേനാംഗങ്ങളില്‍ നിന്നു വിജയൻ സല്യൂട്ട് സ്വീകരിച്ചു. വിപി സത്യൻ, യു ഷറഫലി, സിവി പാപ്പച്ചൻ, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ സുവർണ സംഘത്തിലെ അവസാന കണ്ണിയും പടിയിറങ്ങി.


1986ല്‍ കേരള പൊലീസില്‍ അതിഥി താരമായി എത്തിയ വിജയൻ 1987ല്‍ 18 വയസ് പൂർത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹൻ ബഗാനിലേക്ക് കളിക്കാൻ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്സി കൊച്ചില്‍, ചർച്ചില്‍ ബ്രദേഴ്സ് ക്ലബുകള്‍ക്കായി കളിച്ചു.


1991 മുതല്‍ 2003 വരെ 12 വർഷം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നു വിരമിച്ചു.


പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാൻഡന്റ് ആയി. 2002ല്‍ അർജുന അവർഡും ഈ വർഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

Post a Comment

Previous Post Next Post