കാലിഫോർണിയ: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഗൂഗിൾ അവരുടെ ഐക്കോണിക് ലോഗോയിൽ മാറ്റം വരുത്തി. പുതിയ ഗ്രേഡിയൻറ് ഡിസൈനോടെയാണ് ഗൂഗിളിൻ്റെ ലോഗോ അപ്‌ഡേറ്റ്. ഒരു പതിറ്റാണ്ടിനിടെ ലോഗോയുടെ കെട്ടിലും മട്ടിലും ഗൂഗിൾ ഇത്ര പ്രത്യക്ഷമായ മാറ്റം വരുത്തുന്നത് ഇതാദ്യം. 2015ലാണ് അവസാനമായി ലോഗോയിൽ ഗൂഗിൾ പരിഷ്കരണം നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിൾ. അവരുടെ ഐക്കോണിക് ‘ജി’ ലോഗോ തന്നെയാണ് ഉപഭോക്താക്കൾക്കിടയിലുള്ള ഗൂഗിളിൻ്റെ ഏറ്റവും വലിയ ഐഡൻ്റിറ്റി.
ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളർ ബ്ലോക്കുകൾ ചേർത്തുള്ള ജി ഡിസൈനാണ് ഗൂഗിൾ മുമ്പ് ലോഗോയിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പരിഷ്കരിച്ച ലോഗോയിൽ കളർ ബ്ലോക്കുകൾ കാണാനില്ല. കളർ ബ്ലോക്ക് ഒഴിവാക്കി പകരം, ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നിങ്ങനെ നാല് നിറങ്ങളെയും ഗ്രേഡിയൻ ഇഫക്റ്റ് രീതിയിൽ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഗൂഗിളിൻ്റെ ലോഗോയ്ക്ക് ഫ്രഷ് ലുക്ക് നൽകുന്നു. മാത്രമല്ല, നവീന ഭാവവും നൽകുന്നു. എഐയിൽ കൂടുതലായി ശ്രദ്ധപുലർത്തുന്ന ഗൂഗിളിൻ്റെ ഇപ്പോഴത്തെ നയം വ്യക്തമാക്കുന്നത് കൂടിയാണ് പുതിയ ലോഗോ


