![]() |
നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ഇവിടുത്തെ ജനങ്ങളുടെ ജീവനും വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഹോരാത്രം സേവനം ചെയ്യുന്ന എല്ലാ സൈനികർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തും അതിർത്തിയിൽ ഭീതിയോടെ കഴിയുന്ന ജനസമൂഹത്തിനു വേണ്ടിയും നമ്മുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
അതിർത്തി കടന്നുള്ള ഭീകരതക്കെതിരെയുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം ചേർന്ന് നിന്ന് ഏക മനസ്സോടെ നമ്മുടെ ഭാരതത്തിൻ്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകളെ സമർപ്പിക്കാം.
യുദ്ധവും കലാപങ്ങളും മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണ്. രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണിത്. യുദ്ധത്തിലേക്ക് നാം വലിച്ചിഴക്കപ്പെടാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടിയാകണം നമ്മുടെ പ്രാർത്ഥന. രാജ്യത്തിൻ്റെ ഭരണാധികാരികൾക്ക് ഈ നിർണായക ഘട്ടത്തിൽ നയതന്ത്ര മികവോടെ ഭാരതത്തെ സുരക്ഷിതത്വത്തിലേക്കും സമാധാനത്തിലേക്കും നയിക്കുവാൻ തക്കവണ്ണം ദൈവം ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
കക്ഷി, മത, രാഷ്ട്രീയ വിഭാഗീയതയ്ക്കപ്പുറമായി ഐക്യത്തോടെ രാജ്യത്തിനൊപ്പം ഈ പ്രതികൂല സാഹചര്യത്തെ നാം നേരിടേണ്ട സമയമാണിത്. അശാന്തിയുടെ കാർമേഘങ്ങൾ മാറി ശാന്തിയുടെ നീലിമ പരക്കുവാനും രാജ്യത്ത് ശാശ്വതമായ സമാധാനം എത്രയും വേഗം സംജാതമാകുവാനും നമ്മുക്ക് ഏക മനസ്സോടെ പ്രാർത്ഥിക്കാം.