നവീകരണം പൂർത്തിയാക്കിയ കാണിപ്പയ്യൂർ ഇരിങ്ങപ്പുറം റോഡിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ ബി എം & ബി സി നിലവാരത്തിൽ 3 കോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ കുന്നംകുളം നിയോജക മണ്ഡലത്തിലെ കാണിപ്പയ്യൂർ മുതൽ ഇരിങ്ങപ്പുറം വരെയുള്ള 2.8 കിലോ മീറ്റർ റോഡിന്റെ ഉദ്ഘാടനവും വിവിധ റോഡുകൾക്കൊപ്പം മന്ത്രി വി. ശിവൻകുട്ടി ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ചെമ്മണ്ണൂർ ഷേഖ് പാലസിൽ സജ്ജീകരിച്ച കുന്നംകുളത്തെ പ്രാദേശിക ഉദ്ഘാടനം ചടങ്ങിൽ കുന്നംകുളം നഗരസഭചെയർ പേർസൺ സീത രവീന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. സോമശേഖരൻ, പി.കെ ഷബീർ, സജിനി പ്രേമൻ, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥൻ, പിഡബ്ല്യുഡി എ. ഇ സ്മിജമോൾ, കൗൺസിലർമാരായ പി.വി സജീവൻ, ഷീജ ഭരതൻ, ടി.ബി വിനോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.