ബാപ്പുട്ടിക്കയെ കൈവിടാതെ നിലമ്പൂർ; അൻവറിനോട് തോറ്റ ഷൗക്കത്ത് അതേ സീറ്റിൽ നിന്നും നിയമസഭയിലേക്ക്


 ഉപതെരഞ്ഞെടുപ്പിൽ ആര്യാടനെ കൈവിടാതെ നിലമ്പൂരിൻ്റെ മണ്ണ്. 11005 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാർ സ്നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്.


വോട്ടെണ്ണലിന്റെറെ ആദ്യ മിനുറ്റുകൾ മുതൽ കാര്യമായ മുൻകൈ ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നിൽ. പോത്തുകല്ല് ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോൾ ചില ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് നേരിയ മുൻതൂക്കം നേടാൻ സാധിച്ചത്.


ഒമ്പത് വർഷക്കാലം എൽഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങൾക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരുകാർ അദ്ദേഹത്തിന്റെ മകനെയും ചേർത്ത് പിടിച്ചിരിക്കുകയാണ്.


2016ൽ പി വി അൻവറിനോട് നിലമ്പൂരിൽ പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് അൻവർ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്കെത്തുകയാണ്. സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗങ്ങളിൽ കഴിവു തെളിയിച്ച വ്യക്തിത്വമാണ് ആര്യാടൻ ഷൗക്കത്തിന്റേത്.


നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്ത് പതിനാലാം വയസിൽ നിലമ്പൂർ മാനവേദൻ സ്കൂ‌ളിൽ സ്കൂ‌ൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂർ നഗരസഭാ ചെയർമാൻ, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധൻ ദേശീയ കൺവീനർ, സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

Post a Comment

Previous Post Next Post