ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സംസ്ഥാന സർക്കാർ. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് അനുവദിച്ച് ഉത്തരവിറങ്ങിയത്. സപ്ലൈകോ വിപണി ഇടപെടലിനായി 100 കോടി രൂപ അനുവദിച്ചതായും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്തെ 26,125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതം നൽകാനയുള്ള 54, 86,25,000 രൂപയാണ് ദേശീയ ഹെൽത്ത് മിഷന് അനുവദിച്ചത്. ജൂൺ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് ആശമാർക്ക് ലഭിക്കുക. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും, നിലവിൽ കുടിശ്ശികയില്ലാതെയാണ് ആശ മാർക്ക് സംസ്ഥാന സർക്കാർ ഓണറേറിയം ലഭ്യമാകുന്നത്. ഇതോടെ, കേന്ദ്രത്തെ തള്ളിപ്പറയാത്ത എസ് യു സി ഐ വിഭാഗം ആശമാരുടെത് അനാവശ്യ സമരമാണെന്നത് ഒന്നുകൂടി വ്യക്തമാവുകയാണ്. അതിനിടെയാണ് സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന മറ്റൊരു ഇടപെടൽ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ സർക്കാർ അനുവദിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയത്. ബാക്കി 7220 കോടി രൂപയും എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചത്.