ചാലിശ്ശേരി: എസ്എഫ്‌ഐ പതിനെട്ടാമത് അഖിലേന്ത്യ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക ജാഥക്ക് ബുധനാഴ്ച (25 - 6 - 2025) വൈകിട്ട് പാലക്കാട് ജില്ലാ അതിർത്തിയായ ചാലിശ്ശേരി മെയിൻ റോഡിൽ സ്വീകരണം നൽകും.
ജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട് വച്ചാണ് എസ്എഫ്‌ഐയുടെ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാക രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ കലാലയമായ ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്. മുന്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പതാക ജാഥ ഉദ്ഘാടനം ചെയ്തു
ധനമന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്ന് എസ്എഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റും ജാഥയുടെ ക്യാപ്റ്റനുമായ കെ അനുശ്രീ പതാക ഏറ്റുവാങ്ങി.എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി എം ആര്‍ഷോയാണ് ജാഥയുടെ മാനേജര്‍.തമിഴ്‌നാട്ടിലെ സോമു – സെമ്പു രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം 25 ന് വൈകിട്ട് പട്ടാമ്പിയില്‍ പതാക ജാഥയുമായി സംഗമിക്കും.ജൂണ്‍ 26ന് രാവിലെ രക്തസാക്ഷി കെ വി സുധീഷിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നാണ് കൊടിമര ജാഥ ആരംഭിക്കുന്നത്. 26 ന് വൈകിട്ട് കോഴിക്കോട് നഗരത്തില്‍ ജാഥകള്‍ സംഗമിച്ച് പതാക ഉയരുന്നതോടുകൂടി സമ്മേളനത്തിന് തുടക്കമാകും.