കാലാവസ്ഥാ ശാസ്ത്രജ്ഞ ഡോ. സുലോചന ഗാഡ്ഗിൽ അന്തരിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ ഭാര്യയാണ്. 81 വയസായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബംഗളൂരുവിൽ മകൻ സിദ്ധാർഥ ഗാഡ്ഗിലിനൊപ്പമായിരുന്നു താമസം.
സുലോചന ഗാഡ്ഗിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി പഠിച്ച കാലവസ്ഥാ വിദഗ്ധയാണ്. 5 പതിറ്റാണ്ടോളം കാലം കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങളും ഇവർ നടത്തിയിട്ടുണ്ട്.സുലോചന ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 1973ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസ് വിഭാഗം ആരംഭിക്കുന്നതിൽ നിർണായക പങ്ക് ഇവർ വഹിച്ചിരുന്നു.