കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് വിയ്യൂരിൽ ഇനി ഏകാന്തവാസം


 കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് വിയ്യൂരിൽ ഇനി ഏകാന്തവാസം

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി മണിക്കൂറുകൾക്കകം പിടിയിലായ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ഒരു സെല്ലിൽ ഇനി ഗോവിന്ദച്ചാമിയെ ഒറ്റയ്ക്ക് പാർപ്പിക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്നാണ് നടപടി. ഇന്ന് രാവിലെ ഏഴ് മണിക്ക് അതീവ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തെത്തിച്ചത്.

ഇന്നലെ പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ സെൻട്രൽ ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്നു രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടികൂടിയത്.  

2011 ഫെബ്രുവരിയിൽ ഷൊർണൂരിലെ സൗമ്യയെ തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത‌് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയാണ് ഗോവിന്ദച്ചാമി. 

തമിഴ്‌നാട് കടലൂരിലെ സമത്വപുരം സ്വദേശിയാണ് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാനും ഇയാൾ മുമ്പ് ശ്രമിച്ചിരുന്നു. കണ്ണൂർ ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post