തിരുവനന്തപുരം:വെളിച്ചെണ്ണയും അരിയും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചെന്ന് സർക്കാർ. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ നൽകുന്ന ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് ഓണത്തിനു മുൻപ് ഇനിയും വിലകുറയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 26ന് ആരംഭിക്കും. മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും 14 ഇനം ഭക്ഷ്യസാധനങ്ങൾ ഉൾപ്പെട്ട കിറ്റുകളാണു വിതരണം ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ നടി റിമ കല്ലിങ്കലിന് നൽകിക്കൊണ്ട് മന്ത്രി വിപണിയിലിറക്കി.
നിലവിൽ സബ്സിഡി ഇനത്തിലുള്ള വെളിച്ചെണ്ണയ്ക്ക് 349 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാണ്. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപി വിലയെക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോയിലൂടെ നൽകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ഓണച്ചന്തകൾ 25ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓണച്ചന്തയിലും സബ്സിഡി വെളിച്ചെണ്ണ ലഭ്യമാക്കും. എല്ലാ ജില്ലകളിലും ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും. എല്ലാം നിയമസഭാ മണ്ഡലങ്ങളിലും 26 മുതൽ ഒരു പ്രധാന ഔട്‌ലെറ്റിനോടു ചേർന്നു ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഫെയറുകൾ 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.
സെപ്റ്റംബർ മാസത്തേക്കുള്ള സബ്സിഡി സാധനങ്ങൾ ഓഗസ്റ്റ് 25 മുതൽ വാങ്ങാം. സപ്ലൈകോ വഴി ഒരു ബില്ലിന് ഒരു ലീറ്റർ കേര വെളിച്ചെണ്ണ എന്ന നിബന്ധന മാറ്റി. 457 രൂപയുടെ കേര വെളിച്ചെണ്ണ ഇനി ആവശ്യാനുസരണം വാങ്ങാം. എല്ലാ റേഷൻ കാർഡുകാർക്കും 20 കിലോ പച്ചരി/പുഴുക്കലരി സ്പെഷൽ അരിയായി 25 രൂപയ്ക്ക് നൽകും. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ ഓഫറിലും വിലക്കുറവിലും ലഭ്യമാക്കും. ഗിഫ്റ്റ് കാർഡ്, ലക്കി ഡ്രോ എന്നിവ ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കും. 26ന് സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ആരംഭിക്കും. ഇത്തവണ സബ്സിഡി ഉൽപന്നങ്ങളും ഇതിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അരിപ്പൊടി (പുട്ടുപൊടി, അപ്പം പൊടി), പായസം മിക്സ് (സേമിയ / പാലട 200 ഗ്രാം പായ്ക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ്), പാലക്കാടൻ മട്ട (വടിയരി, ഉണ്ടയരി) എന്നീ 5 പുതിയ ഉൽപ്പനങ്ങളും സപ്ലൈകോ ഇന്ന് പുറത്തിറക്കി. കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും 46 രൂപയ്ക്ക് സപ്ലൈകോയിൽ നിന്ന് ലഭിക്കും. പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില. 20 രൂപ പരമാവധി വിൽപ്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50നും 60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാൻറിൽ ലഭ്യമാകും. സേമിയ/ പാലട പായസം മിക്സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്. സപ്ലൈകോ ശബരി ബ്രാൻഡിൽ പുറത്തിറക്കിയ പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട അരി 506 രൂപ, പാലക്കാടൻ മട്ട വടിയരി 5 കിലോയ്ക്ക് 310രൂപ, ഉണ്ട അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉത്പന്നങ്ങളുടെ വില.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാംപിളുകള്‍ ശേഖരിച്ചു നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. അടുത്ത ആഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകള്‍ കൂടി കേന്ദ്രീകരിച്ച് കര്‍ശന പരിശോധന ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, വഴിയോര ഭക്ഷണ ശാലകള്‍, ബേക്കിംഗ് യൂണിറ്റുകള്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പരിശോധനയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപീകരിക്കുക. ഓണം ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ ആസ്ഥാനത്ത് ഒരു സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.
ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ചു നിയമ നടപടികള്‍ കൈക്കൊളളുന്നതാണ്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ. വിപണിയില്‍ ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ കൂടി ശ്രദ്ധിക്കണം. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.