സ്കൂൾ വിദ്യാർഥികൾക്കായി സർക്കാരിന്റെ ഓണ സമ്മാനം; നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ വക ഓണ സമ്മാനമായി 4 കിലോഗ്രാം അരി വീതം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രി-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 വിദ്യാർഥികളാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ (സപ്ളൈകോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. സ്‌കൂളുകളിൽ അരി എത്തിക്കാനുള്ള ചുമതലയും സപ്ളൈകോയ്ക്ക്ക്കാണ്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോയ്ക്ക് 50 പൈസ അധികം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ജില്ലകളിൽ അരിക്ക് സ്റ്റോക്ക് കുറവുണ്ടെങ്കിൽ തൊട്ടടുത്ത ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ഇതിനായി വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണ്.