കലശമലയില്‍ വിപുലമായ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കും


 കലശമലയില്‍ വിപുലമായ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കും

കുന്നംകുളത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ കലശമലയിൽ ഓണാഘോഷം സമുചിതമായി സംഘടിപ്പിക്കും. ഇത് സംബന്ധിച്ച ആലോചനയോഗം എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ കലശമലയില്‍ വെച്ച് ചേര്‍ന്നു. തൃശ്ശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, പോർക്കുളം, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തുകളും, ചൊവ്വന്നൂർ ബ്ലോക് പഞ്ചായത്തും ചേർന്ന് കലശമല ഇക്കോ ടൂറിസം ഡെസ്റ്റിനേഷനില്‍ സംഘടിപ്പിക്കുന്ന ഓണം ആഘോഷ പരിപാടിയുടെ സംഘാടക സമിതിയും ഇതോടൊപ്പം രൂപീകരിച്ചു.  


 സെപ്റ്റംബർ 5 , 6 തിയ്യതികളിലായി രണ്ട് ദിവസത്തെ പരിപാടികളാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് കലശമലയില്‍ സംഘടിപ്പിക്കുന്നത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സെപ്റ്റംബര്‍ 3 ന് പ്രാദേശികമായി പൂക്കളമത്സരവും ഇതോടൊപ്പം സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി കാര്‍ണിവെല്‍, ഓണക്കളികള്‍, ഗാനമേള എന്നിവയുള്‍പ്പെടെയുള്ള വിവിധ കലാപരിപാടികള്‍, പ്രാദേശിക കലാകാരന്മാരെയും പ്രൊഫഷണല്‍ സംഘങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. 


കലശമലയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ കെ രാമകൃഷ്ണന്‍, പി ഐ രാജേന്ദ്രന്‍, രേഷ്മ രതീഷ്, ടി ആര്‍ ഷോബി, ചൊവ്വന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ സുമേഷ്, വാര്‍ഡ് മെമ്പര്‍ ബിജു, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, എല്‍എസ് ജിഡി സെക്രട്ടറിമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, ഡിടിപിസി പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.


കെ രാധാകൃഷ്ണന്‍ എംപി, എ. സി. മൊയ്തീൻ എംഎല്‍എ, സീത രവീന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായും ആന്‍സി വില്ല്യംസ് ചെയര്‍പേഴ്സണായും അഡ്വ. കെ. രാമകൃഷ്ണൻ വര്‍ക്കിംഗ് ചെയർമാനായും പോര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ജനറൽ കൺവീനറായും കോഡിനേറ്ററായി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമല്‍ദാസും ഉള്‍പ്പെടുന്ന 51 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.

Post a Comment

Previous Post Next Post