രാജ്യത്തെ മികച്ച സ്കൂളുകളുടെ പട്ടികയിൽ വീണ്ടും കോഴിക്കോട് നടക്കാവിലെ ഗവൺമെന്റ് വി എച്ച് എസ് എസ് ഫോർ ഗേൾസ് മുൻനിരയിൽ. 19-ാമത് എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗിന്റെ (EWISR) പട്ടികയിലാണ് നടക്കാവ് സ്കൂൾ രണ്ടാം സ്ഥാനം നിലനിർത്തിയത്. 'സ്റ്റേറ്റ് ഗവൺമെന്റ് ഡേ സ്കൂളുകൾ' വിഭാഗത്തിലാണ് നടക്കാവ് സ്കൂളിന്റെ നേട്ടം.യു പി മുതൽ ഹയർ സെക്കൻഡറി വരെ മൂവായിരത്തിലധികം വിദ്യാർഥികൾ നടക്കാവ് സ്കൂളിൽ പഠിക്കുന്നുണ്ട്. 2012ൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ 'പ്രിസം' പദ്ധതി സ്കൂളിൽ ആരംഭിച്ചിരുന്നു. 20 കോടിയാണ് ഫൗണ്ടേഷൻ സ്കൂളിന്റെ വളർച്ചക്കായി വിനിയോഗിച്ചത്.
കഴിഞ്ഞ വർഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ഈ നേട്ടം വീണ്ടും സ്കൂളിനെ തേടിയെത്തിയത്. വിവിധ വിഭാഗങ്ങളിലെ പട്ടികയിൽ ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള അഞ്ച് സ്കൂളുകൾ ഇടം നേടിയിട്ടുണ്ട്.കേന്ദ്ര ഗവൺമെന്റ് ഡേ സ്കൂളുകളുടെ പട്ടികയിൽ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം ഒമ്പതാം സ്ഥാനത്ത് എത്തി. കേന്ദ്ര ഗവൺമെന്റ് ബോർഡിംഗ് സ്കൂളുകളുടെ ഗ്രൂപ്പിൽ ആലപ്പുഴയിലെ ചെന്നിത്തലയിലുള്ള ജവഹർ നവോദയ വിദ്യാലയം എട്ടാം സ്ഥാനം നേടി.
ഡേ കം ബോർഡിങ് സ്കൂളുകളുടെ പട്ടികയിൽ കോട്ടയത്തെ പള്ളിക്കൂടം നാലാം സ്ഥാനത്തും . ഇന്റർനാഷണൽ ഡേ-കം-ബോർഡിങ് സ്കൂളുകളുടെ പട്ടികയിൽ കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂൾ ആറാം സ്ഥാനത്തുമെത്തി.