കുന്നംകുളം നഗരസഭ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ ആധുനിക സംവിധാനങ്ങളോടെ ചകിരി സംസ്കരണ ബേബി ഫൈബര്‍ ഗാര്‍ഡന്‍ പോട്ട് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു.

കുടുംബശ്രീ വനിതാ ഘടക പദ്ധതിയില്‍ 14 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ പദ്ധതി ആരംഭിച്ചത്.   

പദ്ധതിയുടെ ഉദ്ഘാടനം ആലത്തൂർ എം.പി കെ. രാധാകൃഷ്ണന്‍ നിർവഹിച്ചു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. എ.സി മൊയ്തീന്‍ എംഎല്‍എ മുഖ്യാതിഥിയായി.

വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ എ.എസ് സനല്‍, സെക്രട്ടറി കെ.കെ മനോജ്, എച്ച്.ഐ എ. രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.


മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയായ കുന്നംകുളം നഗരസഭ 2020ല്‍ ആണ് ചകിരി സംസ്കരണ യൂണിറ്റ് ഗ്രീന്‍പാര്‍ക്കില്‍ ആരംഭിച്ചത്. ജൈവ മാലിന്യ സംസ്കരണത്തിന് ആവശ്യമായ ചകിരിചോറ് ഉണ്ടാക്കിയെടുക്കുന്നതോടൊപ്പം ഡീഫൈബറിങ് യൂണിറ്റില്‍ നിന്നും ലഭിക്കുന്ന ചകിരി നാരുകള്‍ കയറ്റി അയക്കുന്ന പ്രവര്‍ത്തനമാണ് നടത്തിവന്നിരുന്നത്. കയറ്റി അയക്കാതെ ബാക്കി വരുന്ന ബേബി ഫൈബര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവാതെ വരുന്ന സാഹചര്യം കണക്കിലെടുത്താണ് അതുകൊണ്ട് ഗാര്‍ഡന്‍പോട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 


ബേബി ഫൈബര്‍ ഉണക്കിയെടുത്ത് ലാറ്റെക്സ് മിശ്രിതവുമായി ചേര്‍ത്ത് വീണ്ടും ഉണക്കിയെടുത്താണ് ഗാര്‍ഡന്‍ പോട്ട് ഉണ്ടാക്കുന്നത്. യാന്ത്രസഹായത്തോടെ വിവിധ തരത്തിലുള്ളതും വിവിധ അളവിലുള്ളതുമായ ഗാര്‍ഡന്‍ പോട്ടുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനമാണ് ഗ്രീന്‍ പാര്‍ക്കിലെ പോട്ട് നിര്‍മ്മാണ യൂണിറ്റിലുള്ളത്. ഡീഫൈബറിങ് യൂണിറ്റായ ഹരിതയിലെ 5 പേരാണ് ഗാര്‍ഡന്‍ പോട്ട് യൂണിറ്റിലുള്ളത്.  

ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് നഗരസഭ ആധുനിക മെഷീന്‍ വാങ്ങിയിട്ടുള്ളത്. മികച്ച പരിശീലനത്തെ തുടര്‍ന്നാണ് ഗാര്‍ഡന്‍ പോട്ട് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post