ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ; പാകിസ്ഥാനെ തകർത്തു


 ദുബൈ:ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ എല്ലാ വീറും വാശിയും നിറഞ്ഞുനിന്ന അത്യന്തം ആവേശകരമായ പോരാ‍ട്ടത്തിൽ ഏഷ്യാകപ്പിൽ മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന ഇന്ത്യ 5 വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം കണ്ടു. തിലക് വർമയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തിൽ അഭിഷേക് വർമയെയും ശുഭ്മാൻ ​ഗില്ലിനെയും സൂര്യകുമാർ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വർമ ക്രീസിൽ എത്തിയത്. പിന്നീട് തിലക് വർമയുടെ ബാറ്റിൽ നിന്ന് ഷോട്ടുകൾ എല്ലാ ഭാ​ഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അർധ സെഞ്ച്വറി നേടിയ തിലക് വർമയാണ് ടീമിന്റെ വിജയശിൽപ്പി. 41 പന്തിൽ നിന്നാണ് തിലക് വർമ അർധ സെഞ്ച്വറി കുറിച്ചത്.


തിലക് വർമയും സഞ്ജുവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 13–ാം ഓവറിൽ അബ്രാർ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറിൽ 12 റൺസുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീൽഡർ ഹുസൈൻ തലാത് ഡ്രോപ് ചെയ്തിരുന്നു.


പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ടൂർണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്ടമായത്. അഭിഷേക് ശർമയെയും ശുഭ്‌മാൻ ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കിയപ്പോൾ ഷഹീൻ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. ഒൻപതാം ഓവറിൽ സ്കോർ 50 കടന്നത്.ഏഷ്യാ കപ്പിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.1 ഓവറില്‍ 146 റണ്‍സിനാണ് പാകിസ്ഥാന്‍ പുറത്തായത്. ഓപ്പണര്‍മാര്‍ മിന്നുന്ന തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാക് ഓപ്പണര്‍മാരുടെ ബാറ്റിങ്ങിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ സ്പിന്നര്‍മാര്‍ എത്തിയതോടെ കളി മാറി. എട്ടു വിക്കറ്റുകളാണ് കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും അടങ്ങുന്ന സ്പിന്‍ ത്രയം കൊയ്തത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍ നിന്ന് 33 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ചീട്ടുകൊട്ടാരം പോലെ പാകിസ്ഥാന്‍ തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കുല്‍ദീപ് യാദവാണ് കൂടുതല്‍ വിനാശകാരിയായത്. പാകിസ്ഥാന്റെ നാലുവിക്കറ്റുകളാണ് കൊയ്തത്. വരുണ്‍ ചക്രവര്‍ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.


ഒന്നാം വിക്കറ്റില്‍ സാഹിബ്സാദയും ഫഖര്‍ സമാനും ചേര്‍ന്ന് 84 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സായിരുന്നു പാകിസ്ഥാന്റെ സമ്പാദ്യം. അര്‍ധസെഞ്ചറി തികച്ച ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍ ആണ് കൂടുതല്‍ ആക്രമണകാരിയായത്. 38 പന്തില്‍ 57 റണ്‍സെടുത്ത ഫര്‍ഹാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതാണ് കളിയില്‍ നിര്‍ണായകമായത്. മൂന്നു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിങ്‌സ്. ഫര്‍ഹാന്‍ തന്നെയാണ് ടോപ് സ്‌കോറര്‍. പിന്നീട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളി തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. ഫര്‍ഹാന് പിന്നാലെ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.കുല്‍ദീപ് യാദവ് 4 വിക്കറ്റ് എടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര എത്തിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.10-ാം ഓവറില്‍ ഫര്‍ഹാനെ പുറത്താക്കി, വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പാകിസ്ഥാന് ആദ്യപ്രഹരം.പിന്നീട് ക്രീസിലെത്തിയത് ടൂര്‍ണമെന്റില്‍ നാല് തവണ സംപൂജ്യനായി പുറത്തായ സയിം അയൂബ്. ഇക്കുറി രണ്ടു ഫോറടക്കം 10 റണ്‍സായിരുന്നു അയൂബിന്റെ സമ്പാദ്യം. 13-ാം ഓവറില്‍ കുല്‍ദീപ് യാദവാണ് അയൂബിനെ പുറത്താക്കിയത്. അപ്പോള്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 113/2. ഈ നിലയില്‍നിന്നാണ് 146 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായത്. 20 റണ്‍സു കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ഏഴു വിക്കറ്റുകള്‍ നഷ്ടമായത്.


ഹര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ ബൗളിങ് ഓപ്പണ്‍ ചെയ്തത്. ഫൈനലില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി.

Post a Comment

Previous Post Next Post