ന്യൂഡൽഹി: ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ച് വിൽക്കുന്ന വൻ റാക്കറ്റ് പിടിയിൽ. വ്യാജ കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെത് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളും പിടിച്ചെടുത്തു.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്‌ഡിൽ കുടുങ്ങിയത്.
ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള അസംസ്കൃതവസ്‌തുക്കളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. വ്യാജ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ അധികൃതർ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.
സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു കേസിൽ ഇനിയും പരിശോധനകളും അന്വേഷണവും തുടരുമെന്നും പൊലീസ് അറിയിച്ചു.


