ജ്യോതിസ് പദ്ധതി കേരള വിദ്യാഭ്യാസത്തിന് മാതൃക-മന്ത്രി വി. ശിവന്‍കുട്ടി
ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും പട്ടാമ്പി മണ്ഡലവും ചേര്‍ന്ന് നടത്തുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പദ്ധതിയുടെ ദശ വാര്‍ഷിക സംഗമത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പത്ത് വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ പഠനമികവും സര്‍ഗാത്മക കഴിവുകളും വളര്‍ത്തുന്നതില്‍ പദ്ധതി നിര്‍ണ്ണായക പങ്ക് വഹിച്ചു. 20,000 ത്തിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, രക്ഷിതാക്കളുടെ സഹകരണം, അധ്യാപകരുടെ സമര്‍പ്പണം എന്നിവ പദ്ധതിയുടെ വിജയത്തിന് മുതല്‍ക്കൂട്ടായി. സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ട് ശാസ്ത്രം, ചരിത്രം, കായികം, ഭാഷാ ശൈലി, കലാസൃഷ്ടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും സര്‍ഗശേഷി വികസിപ്പിക്കാന്‍ കഴിഞ്ഞു. പ്രദേശത്തെ വിദ്യാലയങ്ങളിലെ സൗകര്യം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പരിപാടിയില്‍ ജ്യോതിസ് പദ്ധതി കോര്‍ഡിനേറ്റര്‍ പി. നാരായണനെ ആദരിച്ചു. വാടാനാംകുറിശ്ശി ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ അധ്യക്ഷനായി. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.