പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് വീണ്ടും തിരിച്ചടി. ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാൽ ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായിരുന്നില്ല. ഇത് സംബന്ധിച്ച ഹർജിയാണ് ചൊവ്വാഴ്ച പരി ഗണിക്കുക. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.
നാല് വരിപാതയായിരുന്നപ്പോഴുള്ള ടോൾ സർവീസ് റോഡിലൂടെയുള്ള ഗതാഗതത്തിന് എങ്ങനെ പിരിക്കാനാവും എന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമറിയിക്കാൻ കോടതി നിർദേശിച്ചത്. തീരുമാനം അറിയിക്കാൻ കേന്ദ്രം ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെടുകയായിരുന്നു. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്ത് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി.



