തിരുവന്തപുരം: സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. സാമ്പത്തിക ഇടപാടുകളില്‍ പിന്‍ നമ്പര്‍ നല്‍കേണ്ട സാഹചര്യം. മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട സാഹചര്യം എന്നിവയും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു
പൊലീസിന്റെ കുറിപ്പ്
നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നല്‍കാന്‍ ലിങ്കുകള്‍ അയച്ച് അവയില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും?
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് യുപിഐ പിന്‍ കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാന്‍ യുപിഐ പിന്‍ നല്‍കേണ്ട ആവശ്യമില്ല.
ക്യാഷ് മറ്റൊരാള്‍ക്ക് നല്‍കാന്‍ ആണെങ്കില്‍ തന്നെ ആദ്യം യുപിഐ ഐഡി പരിശോധിച്ച് സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങള്‍ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം അയക്കാവൂ.
ആപ്പിന്റെ യുപിഐ പിന്‍ പേജില്‍ മാത്രമേ യുപിഐ പിന്‍ ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓര്‍ക്കുക. മറ്റൊരിടത്തും യുപിഐ പിന്‍ ഷെയര്‍ ചെയ്യരുത്.
പണം ഒടുക്കുന്നതിന് മാത്രം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട ആവശ്യമില്ല.
ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകളോ എസ്എംഎസ് ഫോര്‍വേഡിങ് ആപ്പുകളോ മനസ്സിലാക്കാതെ ഡൗണ്‍ലോഡ് ചെയ്യരുത്.



