നവീകരിച്ച കല്ലുർമ്മ സ്കൂൾ ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം: ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ നന്നംമുക്ക് പഞ്ചായത്തിലെ കല്ലുർമ്മ തരിയത്ത് എഎംഎൽപി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ അധ്യക്ഷത വഹിച്ചു.പൂർണ്ണമായും ശീതീകരിച്ച ക്ളാസ് മുറികളും പ്രൊജക്റ്റ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് സ്‌കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്. സ്‌കൂളിലെ വൈദ്യുതി പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു എന്നതും സ്കൂളിന്റെ പ്രത്യേകതയാണ്. സോളാർ പാനലിൽ വൈദ്യുതി ക്രമീകരിച്ച സ്‌കൂളിലെ മുഴുവൻ മുറികളും പൂർണ്ണമായും എയകണ്ടീഷൻ ചെയ്താണ് സജ്ജമാക്കിയിരിക്കുന്നത്. ശുചിമുറികൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാണ്.1932ൽ സ്ഥാപിതമായ എഎംഎൽപി സ്‌കൂൾ പ്രദേശത്തെ വിദ്യാഭ്യാസപരമായ രീതിയിൽ ഉന്നതിയിൽ എത്തിക്കുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ചൊവ്വാഴ്‌ച വൈകിയിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.


