ഭാവിയിലെ പുരോഹിതന്മാരെ കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രായോഗിക പാഠങ്ങളിലേക്ക് കൈപിടിച്ചിഴക്കുകയാണ് ഈ സംരംഭമെന്ന് സെമിനാരി പ്രസിഡന്റ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു. സെമിനാരി വിദ്യാഭ്യാസത്തിലെ പരിസ്ഥിതി ദൈവശാസ്ത്ര പഠനങ്ങൾക്ക് യാഥാർത്ഥ്യാനുഭവം നൽകുന്ന പ്രവർത്തനമാണ് ജൈവ കൃഷി. ശുശ്രൂഷയ്ക്കായി വിവിധ ഇടങ്ങളിൽ എത്തുന്ന പുരോഹിതന്മാർ ഈ അവബോധം സമൂഹത്തിലേക്ക് പകരുമെന്നും അദ്ദേഹം പറഞ്ഞു.
ദൈവം മനുഷ്യനെ തോട്ടം പരിപാലിക്കാനും അതിൽനിന്ന് ഭക്ഷിക്കാനും നിയോഗിച്ചെങ്കിലും ഇന്നത്തെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ഒരിക്കൽ നെൽകൃഷിയാൽ സമ്പന്നമായിരുന്ന കേരളം ഇന്ന് തരിശായ ഭൂമികളുടെയും കാടുപിടിച്ച കൃഷിയിടങ്ങളുടെയും കാഴ്ചയിലേക്ക് വഴുതിക്കൊണ്ടിരിക്കുന്നു. പച്ചക്കറികളുടെ 70–80% വരെ പുറത്തുനിന്ന് വാങ്ങുന്ന അവസ്ഥയിൽ കൃഷിയ്ക്കുള്ള തിരിച്ചുവരവ് അനിവാര്യമാണ് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം തുരുത്തിക്കരയിൽ നടത്തിയ നെൽകൃഷിയുടെ വിജയമാണ് ഈ വർഷത്തെ കൃഷിക്ക് കൂടുതൽ പ്രചോദനമായതെന്ന് കൃഷി കോർഡിനേറ്ററും ഫാക്കൽറ്റി അംഗവുമായ ഡീക്കൻ ഡോ. അനീഷ് കെ. ജോയി പറഞ്ഞു.
ഭാവി തലമുറയിൽ കൃഷിയോടുള്ള ദൃശ്യാവബോധവും ആത്മാർത്ഥതയും വളർത്തുന്നതിനുള്ള മാതൃകാപരമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൃഷിക്ക് തുടക്കം കുറിച്ച ചടങ്ങിൽ പാമ്പ്ര പാടശേഖര സമിതി പ്രസിഡന്റ് കെ.എം. തോമസ്, പഞ്ചായത്ത് അംഗം ശോഭ ഏലിയാസ്, കാർഷിക ഓഫിസർ ആൻ വർഗീസ്, അശ്വതി, എം.യു. പൗലോസ്, കെ.കെ. ജോയ്, കെ.പി. ജോർജ് എന്നിവർ പങ്കെടുത്തു.


