ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പോസ്റ്റുകൾ; അസം സ്വദേശിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു


 കയ്പമംഗലം: സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി കയ്പമംഗലത്ത് പോലീസ് പിടിയിലായി. 

അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.


*ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള 'ഉപഹാര കമ്പനി' എന്ന പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് റസിദുൾ ഇസ്ലാം.*


അബ്ദുൾ സഗീറിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിന് മുകളിലായി കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ താമസിച്ചു വരികയായിരുന്നു. ഇയാൾക്കൊപ്പം മറ്റ് നാല് അസം സ്വദേശികളും ഇവിടെ താമസിക്കുന്നുണ്ട്.


ബംഗ്ലാദേശിലുള്ള തന്റെ അമ്മാവനുമായി ഫോൺ വഴിയും, പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പാക്കിസ്ഥാനിൽ നിന്നും മാരക പ്രഹര ശേഷിയുള്ള AK47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


പ്രതിയുടെ ഫെയ്‌സ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ബംഗ്ലാദേശിലെ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ കൊലപ്പെടുത്തിയതിനെ പിന്തുണച്ച് ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചിരുന്നതായും ഈ മതവിഭാഗത്തിൽപ്പെട്ടവരെ അപായപ്പെടുത്തണമെന്ന് ഹിന്ദിയിൽ ആഹ്വാനം ചെയ്യുന്ന വീഡിയോകളും ഇയാൾ പ്രചരിപ്പിച്ചിരുന്നതായും കണ്ടെത്തി. ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും ലഹളയുണ്ടാക്കാനുള്ള പ്രകോപനപരമായ നീക്കങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post