തിരൂർ:തദ്ദേശ വകുപ്പ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട വിജയാഘോഷങ്ങൾ ശാന്തമായും നിയമാനുസൃതമായും നടത്തുന്നതിനായി തിരൂർ പൊലീസ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന തിരൂർ മുനിസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്രങ്ങോട്, തിരുനാവായ, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച തിരൂർ പോലീസ് സ്റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നു.
വിജയാഘോഷവുമായി ബന്ധപ്പെട്ട് യോഗം നിരവധി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. വൈകുന്നേരം 6 മണിക്ക് മുമ്പ് എല്ലാ പ്രകടനങ്ങളും ആഘോഷങ്ങളും അവസാനിപ്പിക്കണമെന്ന നിർദ്ദേശം യോഗത്തിൽ ഏകകണ്ഠമായി പാസാക്കി. ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന DJ സിസ്റ്റങ്ങൾ, നാസിക് ഡോളുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.
പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിക്കൽ, പാർട്ടി ഓഫിസുകൾക്കും വീടുകൾക്കും മുന്നിൽ പടക്കങ്ങൾ പൊട്ടിക്കൽ എന്നിവയും ശക്തമായി വിലക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
യോഗം തിരൂർ പോലീസ് സ്റ്റേഷൻ SHO ശ്രീ പി. വിഷ്ണു ഉദ്ഘാടനം ചെയ്ത് നിർദ്ദേശങ്ങൾ വിശദീകരിച്ചു. SI സുജിത്ത് സ്വാഗതം പറഞ്ഞു. SI നിർമ്മൽ മുരളി, ASI മുഹമ്മദ് ഷംസാദ് എന്നിവർ സംസാരിച്ചു. സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നന്ദി രേഖപ്പെടുത്തി.
രാഷ്ട്രീയ പാർട്ടികളുടെ വിവിധ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.


