തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്.
നഗരസഭ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടര്‍മാര്‍ക്ക് ഒരു വോട്ടും. പോളിങ് ബൂത്തില്‍ എത്തിയാല്‍ ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും.
തുടര്‍ന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് കൈമാറും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന് സ്ലിപ് കൈമാറുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ മെഷിന്‍ സജ്ജമാക്കും. വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ എത്തിയ ശേഷം ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തുന്ന സമയത്ത് ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയും. മൂന്ന് വോട്ടുകളും രേഖപ്പെടുത്തി നീണ്ട ബീപ് ശബ്ദം കേള്‍ക്കുമ്പോഴാണ് വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവുന്നത്.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും മെഷീനുകള്‍ ക്രമീകരിക്കുക. ബീപ് ശബ്ദം കേള്‍ക്കാതിരുന്നാലോ സഹായം ആവശ്യമുണ്ടെങ്കിലോ വോട്ടര്‍മാര്‍ പ്രിസൈഡിങ് ഓഫീസറുമായി ബന്ധപ്പെടണം.



