തൃത്താലയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം; 5 ലോറികളും 3 മണ്ണുമാന്തി യന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു


 തൃത്താല: തൃത്താല മേഖലയിലാകെ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ അനധികൃത മണ്ണ് ഖനനം വ്യാപകമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അനധികൃത മണ്ണെടുപ്പിനിടെ 5 ടിപ്പർ ലോറികളും 3 ജെസി ബി മണ്ണുമാന്തി യന്ത്രങ്ങളുമാണ് തൃത്താല പോലീസ് പിടിച്ചെടുത്തത്.തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഉയർന്ന പ്രദേശങ്ങളടക്കം നിരവധി ഇടങ്ങളിൽ കുന്നിടിക്കലും അനധികൃത മണ്ണ് ഖനനവും വ്യാപകമായി നടക്കുന്നതായാണ് കണ്ടെത്തൽ. ഇതിനെതിരെ ശക്തമായ നടപടികളാണ് തൃത്താല പോലീസ് സ്വീകരിച്ചുവരുന്നത്.അതേസമയം, ഇത്തരം സംഭവങ്ങളിൽ പരിശോധനയും നടപടി ക്രമങ്ങളും സ്വീകരിക്കേണ്ട ജിയോളജി വകുപ്പ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഭരണകൂടം എന്നിവയുടെ നിഷ്ക്രിയത്വം അനധികൃത മണ്ണെടുപ്പ് വ്യാപകമാകാൻ കാരണമാകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പരിശോധനകൾ നടത്തുന്നതിൽ ഈ മൂന്ന് വകുപ്പുകളും മടി കാണിക്കുന്നതായും വ്യാപക പരാതികളുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ തൃത്താല പോലീസ് ശക്തമായ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം പിടികൂടിയ ലോറികളും ജെസി ബി യന്ത്രങ്ങളും തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. തൃത്താല സി.ഐ. പ്രതാപ്, എസ്.ഐ. ജഫിൻ രാജു, പോലീസ് ഉദ്യോഗസ്ഥരായ ശരത് ശങ്കർ, ജയരാജ്, അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. അനധികൃത മണ്ണ് ഖനനത്തിനെതിരെ വരും ദിവസങ്ങളിലും നടപടികൾ ശക്തമായി തുടരുമെന്ന് തൃത്താല പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post