ചാലിശ്ശേരി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ഹരിതകർമ സേനാംഗങ്ങളെ ഇന്ന് സരസ് മേളയിൽ ആദരിക്കും. ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 547 ഹരിത കർമ സേനാംഗങ്ങളാണ് ജനവിധി തേടിയത്. ഇതിൽ 219 പേർ വൻ ഭൂരിപക്ഷത്തോടെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു. നാടിന്റെ ശുചിത്വ പരിപാലനത്തിൽ മാതൃകയായവർ ഇനി ഭരണസാരഥ്യത്തിലും തങ്ങളുടെ മികവ് തെളിയിക്കാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് കുടുംബശ്രീയും ഹരിത കർമ സേനയും.
ഇന്ന് സരസ് മേളയിലെ പ്രധാന വേദിയിൽ നടക്കുന്ന ആദരച്ചടങ്ങ് തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. എം. ശശി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വി. കെ. ശ്രീകണ്ഠൻ എം. പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ,
സി.ഡി.എസ്, ചെയർപേഴ്സൺമാർ, മറ്റ് ജനപ്രതിനിധികർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
മാലിന്യ സംസ്‌കരണ മേഖലയിൽ നിന്ന് ജനാധിപത്യത്തിന്റെ മുൻനിരയിലേക്ക് എത്തിയ സാധാരണ
ക്കാരായ ഈ സ്ത്രീകളുടെ വിജയം ആഘോഷമാക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.


