കുറ്റിപ്പുറം : ആതവനാട് മർക്കസ് കോളേജ് ഐ.ക്യു.എ.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഹൗസ് ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദലി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വൈസ് പ്രിൻസിപ്പൽ സി.സി. മുഹമ്മദ് ഷാഫി, എം.പി. ഫസീല, ഡോ. ആരിഫ്, ഓഫീസ് സൂപ്രണ്ട് കെ.എം. അബ്ദുൽ ഗഫൂർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ എൽ.ഇ.ഡി റിപ്പയറിങ്, ഊർജ്ജസംരക്ഷണ പ്രദർശനം, ജില്ലാ ശുചിത്വ മിഷനും ക്ലീൻ കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാറുകൾ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ് സ്കിൽ പരിശീലനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. കോളേജിലെ വിവിധ വകുപ്പുകളും ക്ലബ്ബുകളും ഒരുക്കിയ സ്റ്റാളുകൾ പൊതുജനങ്ങൾക്കും മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ക്യാമ്പസിൽ തുറന്നുവെച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി കേടുവന്ന എൽ.ഇ.ഡി ബൾബുകൾ സൗജന്യമായി ശരിയാക്കി നൽകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.


