അഞ്ഞൂർ പാർക്കാടി പൂരം നാളെ

നാടിന് ഉത്സവലഹരി പകർന്ന് പ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരം ഞായറാഴ്ച ആഘോഷിക്കും. പുലർച്ചെ മുതൽ വിശേഷാൽ പൂജകളോടെ ആരംഭിക്കുന്ന ചടങ്ങുകൾ തിങ്കളാഴ്ച പുലർച്ചെ പൊങ്ങിലിടിയോടെ സമാപിക്കും.ക്ഷേത്രം ഊരാളനും മേൽശാന്തിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കലം കരിക്കൽ ചടങ്ങ് നടക്കും.ഉച്ചതിരിഞ്ഞ് 3 മണിക്ക് ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ നടക്കുന്ന മേളത്തോടൊപ്പം പൂതൃക്കോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റും.

​വൈകുന്നേരം 3.30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താനി, അഞ്ഞൂർകുന്ന്, തൊഴിയൂർ, നമ്പീശൻപടി എന്നീ ദേശങ്ങളിൽ നിന്നുള്ള പൂരങ്ങൾ പാർക്കാടി പാടത്ത് അണിനിരക്കും.

​വൈകുന്നേരം 5.45-ന് നടക്കുന്ന പൂരത്തിലെ പ്രധാന ആകർഷണമായ കൂട്ടിയെഴുന്നള്ളിപ്പിൽ പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ചെർപ്പുളശ്ശേരി അനന്ത പത്മനാഭൻ, പുതുപ്പള്ളി സാധു തുടങ്ങി അമ്പതോളം പ്രശസ്തരായ ആനകൾ അണിനിരക്കും. പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാകും ഈ ചടങ്ങ്.

​രാത്രി 9 മണിക്ക് അഞ്ഞൂർകുന്ന് യുവജന ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പുരമേളം അരങ്ങേറും. പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിൽ 101-ൽ പരം കലാകാരന്മാർ ഇതിൽ അണിനിരക്കും.

​തിങ്കളാഴ്ച പുലർച്ചെ 2.30-ന് ദേവസ്വം പൂരമുൾപ്പെടെയുള്ളവ വീണ്ടും എഴുന്നള്ളിക്കും. 4.30-ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രം കോമരം രാജേഷ് കുട്ടൻഞ്ചേരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന 'പൊങ്ങിലിടി' എന്ന പ്രധാന ചടങ്ങോടുകൂടി ഈ വർഷത്തെ പൂരത്തിന് സമാപനമാകും.

Post a Comment

Previous Post Next Post