കടവല്ലൂർ പഞ്ചായത്തിലെ കരിക്കാട് തെരുവുനായയുടെ ആക്രമണത്തിൽ 3 വയസ്സുകാരി അടക്കം 4 പേർക്കു പരുക്ക്. കരിക്കാട് ചോല വലിയവളപ്പിൽ ഷെഫീക്കിന്റെ മകൾ നഫീസ നെഫ്ലിൻ (4), ഉത്തമാവുങ്കൽ ഹഫ്സ (60), അരിക്കലാത്ത് മുഹമ്മദ് (65), കരിക്കാട് മാനംകണ്ടത്ത് അലി (42) എന്നിവർക്കാണു പരുക്ക്.
ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെയാണു കുട്ടിയെ ആക്രമിച്ചത്. തുടയിലാണു കടിയേറ്റത്. മറ്റൊരു നായയുടെ ആക്രമണത്തിലാണു കരിക്കാട് സെന്ററിലെ ഓട്ടോ ഡ്രൈവറായ അലിക്കു പരുക്കേറ്റത്. സെന്ററിലെ ഓട്ടോ പാർക്കിൽ വച്ചാണു സംഭവം ഉണ്ടായത്. ദേഹത്തേക്കു ചാടിവീണ നായയുടെ ആക്രമണത്തിൽ മറിഞ്ഞു വീണ അലിക്കു കാലിൽ കടിയേറ്റു.
എല്ലാവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മണിക്കൂറുകൾക്കു ശേഷം 3 പേരെ കടിച്ച നായയെ ചത്തനിലയിൽ കണ്ടെത്തി. കരിക്കാട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികളെ ഭീതിയോടെയാണു പുറത്തേക്കു വിടുന്നതെന്നു രക്ഷിതാക്കൾ പറയുന്നു.



