സിപിഐ എം സംയോജിതകൃഷി വീടുകളിലേക്ക്


 കുന്നംകുളം : സിപിഐ എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലാകമാനം സംയോജിത കൃഷിക്ക് പാർട്ടിയുടെ എല്ലാ ഘടകങ്ങളും നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയാണ്. 2019 ൽ ആരംഭിച്ച സംയോജിത കൃഷി ഇപ്പോൾ വീടുകളിലേക്ക് കൂടി വ്യാപിപ്പിച്ച് നടപ്പിലാക്കുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കുന്നംകുളം ഏരിയയിലെ കടവല്ലൂർ പഞ്ചായത്തിൽ ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടു മണിക്ക്, സംയോജിത കൃഷിയുടെ സംസ്ഥാന ചുമതലക്കാരനും സിപിഐ എം കേന്ദ്ര കമ്മറ്റിയംഗവുമായ ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 

ആദ്യഘട്ടത്തിൽ കടവല്ലൂർ പഞ്ചായത്തിലെ 20 വീടുകളടങ്ങുന്ന 25 ക്ലസ്റ്ററുകളിലായി 500 കുടുംബങ്ങൾ സംയോജിത കൃഷിക്ക് തയ്യാറാകുകയാണ്. ഇവരുടെ യോഗങ്ങൾ പൂർത്തികരിച്ച് പരിശീലനം നൽകി. 8 തരം പച്ചക്കറി തൈകൾ കടവല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വിതരണം നടത്തും. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കർഷകരെ സഹായിക്കാൻ കൃഷി ഓഫീസർമാരും പരിജ്ഞാനമുള്ള കർഷകരും അടങ്ങുന്ന സംഘം ആഴ്‌ചകൾ തോറും ഓരോ ക്ലസ്റ്ററുകളും സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യും. സമ്പൂർണ്ണമായ ജൈവ കൃഷി രീതിഅവലംബിച്ച്, രോഗാതുരമാകുന്ന കേരളത്തിൻ്റെ ആരോഗ്യം വിണ്ടെടുക്കാനുള്ള മാതൃകയ്ക്ക് ശക്തമായ തുടക്കമായിരിക്കും ഈ സംരംഭം.

അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിനെ മറികടന്ന് പച്ചക്കറികളും ഭക്ഷ്യസാധനങ്ങളും നമ്മുടെ നാട്ടിൽ തന്നെ ഉല്‌പാദിപ്പിച്ച് നമ്മുടെ സമ്പദ് ഘടനക്ക് വലിയ താങ്ങാവുന്ന നിലയിലാണ് സിപിഐ എം ഇത്തരം സംരംഭത്തിന് നേതൃത്വം കൊടുകുന്നത്. കർഷകരുടെ വിളകൾക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിന് വിഷുവിനോടനുബന്ധിച്ച് 3 നാൾ പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പച്ചക്കറികൾക്ക് വിപണന കേന്ദ്രം തയ്യാറാക്കുകയും ചെയ്യും. പഞ്ചായത്ത് ഘടകം ഓൺലൈൻ വിപണനവും നടത്തും.

 കല്ലുംപുറം വിദ്യ റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അധ്യക്ഷനാകും. എ സി മൊയ്‌തീൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സംയോജിത കൃഷി തൃശൂർ ജില്ലാ കോർഡിനേറ്ററുമായ എം ബാലാജി എന്നിവർ പങ്കെടുക്കുമെന്ന് 

സംഘാടക സമിതി ഭാരവാഹികളായ കെ കൊച്ചനിയൻ, കെ ബി ജയൻ, എം കെ മോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post