ഏഴാമത്തെ പ്രസവം എടക്കഴിയൂരിലെ വീട്ടിൽ; പ്രസവത്തിനുശേഷം ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു


 ചാവക്കാട്: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എടക്കഴിയൂർ കല്ലുവളപ്പിൽ വീട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37)യാണ് ഇന്നലെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. കഴിഞ്ഞ ജനുവരി ആറിന് മുഹ്സീന വീട്ടിൽ വെച്ച് ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ജനുവരി 10ന് കുഞ്ഞ് മരിച്ചു. ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയ്ക്കും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിരുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ചാവക്കാട് നഗരത്തിലെ വ്യാജ അക്യുപങ്ചർ ചികിൽസ നടത്തുന്ന സ്ത്രീയാണ് ഏഴാമത്തെ പ്രസവസമയത്ത് മുഹ്സിനിയെ ചികിത്സിച്ചതെന്ന് പറയുന്നു. മുഹ്സിനയുടെ ഭർത്താവും അക്യുപങ്ചർ ചികിത്സ നടത്തുന്നയാളാണത്രേ. പ്രസവശേഷം മുഹസീനയുടെ ആരോഗ്യനില വഷളായെങ്കിലും മതിയായ ചികിത്സ നൽകിയിരുന്നില്ല. തുടർന്ന് മുഹസിനയുടെ ബന്ധുക്കൾ യുവതിയെ ആദ്യം തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post