സഭാ തർക്ക പരിഹാരത്തിന് സമാധാന നീക്കം ശക്തമാക്കണം: ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി

 

കോഴിക്കോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള സഭാ തർക്കം ഉപാധികൾ ഉന്നയിക്കാതെ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ഭാരവാഹികളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും അടിയന്തര യോഗം ചേർന്നു. വിശുദ്ധ നോമ്പുകാലത്ത് സഭാ നേതൃത്വം സമാധാനപരമായ ഇടപെടലിന് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

സഭാ തർക്കവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്ന ദിവസത്തിൽ യാക്കോബായ സഭ മേലധ്യക്ഷൻ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയ നിലപാട് യോഗം സ്വാഗതം ചെയ്തു. 


ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ നിലപാടും യോഗം അഭിനന്ദിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളും സഹോദര സഭകളും സമുദായ മേലധ്യക്ഷന്മാരും വിശ്വാസികളും ദീർഘകാലമായി ആഗ്രഹിക്കുന്നതുപോലെ ഇരു സഭകളും വ്യക്തിത്വം നഷ്ടപ്പെടാതെ ഐക്യത്തോടെ പ്രവർത്തിക്കുന്നതിലൂടെ സമൂഹത്തിനാകെ ഗുണകരമായ മാതൃക സൃഷ്ടിക്കാമെന്ന് യോഗം വിലയിരുത്തി.



പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഉൾപ്പെടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ക്രിസ്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ പരിഗണിച്ച് പ്രശ്നപരിഹാരം ക്രിസ്തീയ മൂല്യങ്ങൾക്ക് അനുസൃതമായിരിക്കണം എന്നും യോഗം ചൂണ്ടിക്കാട്ടി.


 സഭകളുടെ ഐക്യവും ക്ഷേമവും മുൻനിർത്തിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മധ്യസ്ഥശ്രമങ്ങളും സെമിത്തേരി ബിൽ പോലുള്ള നടപടികളും സ്വീകരിച്ചതെന്നും യോഗം വിലയിരുത്തി.


സഭാ തർക്കം വിവാഹബന്ധങ്ങൾ ഉൾപ്പെടെയുള്ള കുടുംബബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും ബാധിച്ച സാഹചര്യത്തിലാണ് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി തുടക്കം മുതൽ സർക്കാർ തലങ്ങളിൽ ഇടപെട്ടതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചു ഷെവലിയാർ സി.ഇ. ചാക്കുണ്ണി വ്യക്തമാക്കി.


കേരള ഗവർണറും മുഖ്യമന്ത്രിയും മുഖാന്തിരം ഇരു വിഭാഗങ്ങളെയും വിളിച്ച് മധ്യസ്ഥശ്രമങ്ങൾ നടത്തിയെങ്കിലും ചില കക്ഷികളുടെകടുംപിടുത്തം മൂലം ഫലം കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 


നിലവിലെ സാഹചര്യം

 ഒരു നല്ല അവസരമായി കണ്ട് ഭിന്നതകൾ മറന്ന് സഭകളുടെ ഐക്യത്തിനായി എല്ലാവരും പ്രവർത്തിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.



യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ കെ.പി. ബേബി, പ്രൊഫസർ ഫിലിപ്പ് കെ. ആന്റണി, ജനറൽ കൺവീനർ എ.സി. ഗീവർ, കൺവീനർമാരായ ജെ.ആർ. ജോൺസൺ, സി.കെ. രാജു, നിയമ ഉപദേഷ്ടാവ് അഡ്വ. എം.കെ. അയ്യപ്പൻ എന്നിവർ സംസാരിച്ചു. സി.കെ. ജോസ് സ്വാഗതവും ഖജാൻജി സി.സി. മനോജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post