ദശകങ്ങൾക്ക് ശേഷമുള്ള മനുഷ്യൻ്റെ ചന്ദ്രയാത്രയിൽ നിർണ്ണായക ഘട്ടം പിന്നിട്ട് നാസയുടെ ആർട്ടിമിസ് 2 പേടകം. ഭൂമിയുടെ ഭ്രമണപഥം വിജയകരമായി പിന്നിട്ട പേടകം ഇപ്പോൾ ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഒരു ദിവസം ഭൂമിയെ വലംവെച്ച ശേഷമാണ് സഞ്ചാരപഥം മാറ്റി പേടകം കുതിപ്പ് തുടങ്ങിയത്. ചൊവ്വാഴ്ച പേടകം ചന്ദ്രനെ വലംവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ, ജെറമി ഹാൻസൻ, ക്രിസ്റ്റീന കുക്ക് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഓറിയോൺ പേടകത്തിലുള്ളത്.
ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന 'ട്രാൻസ് ലൂണാർ ഇൻജക്ഷൻ ബേൺ' എന്ന എൻജിൻ ബേൺ പ്രക്രിയ അഞ്ച് മിനിറ്റും 50 സെക്കൻഡും കൊണ്ട് വിജയകരമായി പൂർത്തിയാക്കി. ഇതോടെ ആറുമണിക്കൂർ നീളുന്ന ലൂണാർ ഫ്ലൈബൈ ഘട്ടത്തിലേക്ക് ദൗത്യം കടന്നു. യാത്രയ്ക്കിടെ മനുഷ്യൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ചന്ദ്രന്റെ മറുവശത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ യാത്രികർക്ക് ലഭിക്കും. കൂടാതെ, ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന അപൂർവ്വമായ സമ്പൂർണ്ണ സൂര്യഗ്രഹണത്തിനും പേടകത്തിലുള്ളവർ സാക്ഷ്യം വഹിക്കും.
1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യർ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത് എന്നത് ഈ ദൗത്യത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മണിക്കൂറിൽ 38,000 കിലോമീറ്ററിലധികം വേഗതയിലാണ് പേടകം സഞ്ചരിക്കുന്നത്. 'ഫ്രീ-റിട്ടേൺ ലൂണാർ ട്രാജക്ടറി' എന്ന പ്രത്യേക പാതയിലൂടെയാണ് സഞ്ചാരം എന്നതിനാൽ ചന്ദ്രൻ്റെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി തന്നെ പേടകത്തിന് തിരിച്ച് ഭൂമിയിലേക്ക് പ്രവേശിക്കാനും സാധിക്കും. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ വൻ പദ്ധതിയുടെ മുന്നോടിയായാണ് ഈ ദൗത്യം വിലയിരുത്തപ്പെടുന്നത്.



