കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റ് എയർവെയ്‌സ് നേരിട്ടുള്ള സർവീസുകൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കും


 കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റ് എയർവെയ്‌സ് നേരിട്ടുള്ള സർവീസുകൾ ഏപ്രിൽ 26 മുതൽ പുനരാരംഭിക്കും. ടെർമിനൽ 4 (T4)ൽ നിന്നായി ആദ്യ ഘട്ടത്തിൽ 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ വീതം നടത്തും. കൂടാതെ മുംബൈ, ചെന്നൈ, ഡൽഹി എന്നിവ ഉൾപ്പെടെ പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കും. ഇതോടൊപ്പം ലണ്ടൻ, ഇസ്താംബൂൾ, ലാഹോർ, ധാക്ക, മനില, കൈറോ, റിയാദ്, ജിദ്ദ, കൊളംബോ, ഗ്വാങ്‌ഷൂ, ബെയ്‌റൂത്ത്, ഡമാസ്‌കസ് തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സർവീസുകൾ ഉണ്ടാകും.


മേഖലയിലെ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28 മുതൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് വിമാനത്താവള പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഏകദേശം 55 ദിവസങ്ങൾക്ക് ശേഷം വ്യോമപാതകൾ വീണ്ടും തുറക്കുകയും, വിമാനത്താവള പ്രവർത്തനം ഏപ്രിൽ 26 മുതൽ പുനരാരംഭിക്കാനും തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച മുതൽ വ്യോമാതിർത്തി തുറക്കുന്നതോടെയാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്. കുവൈത്ത് എയർവേയ്‌സിന്റെ ആക്ടിംഗ് സി.ഇ.ഒ അബ്ദുൾവഹാബ് അൽ-ഷാട്ടി അറിയിച്ചു: ലണ്ടൻ, റിയാദ്, മുംബൈ, തിരുവനന്തപുരം, ചെന്നൈ, കൊച്ചി, ഡൽഹി, മനില തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടാകും. കൈറോയിലേക്ക് പ്രതിദിന സർവീസും ജിദ്ദ, ധാക്ക എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും നടത്തും. ബെയ്‌റൂത്ത്, ഡമാസ്‌കസ്, ലാഹോർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളും ഇസ്താംബൂൾ, ഗ്വാങ്‌ഷൂ, കൊളംബോ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഒരു സർവീസും ഉണ്ടാകും. ടെർമിനൽ 4ൽ നിന്ന് പ്രവർത്തനം പുനരാരംഭിക്കുന്നത് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനുമുള്ള പ്രതിബദ്ധതയാണെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള പൂർണ്ണ സജ്ജതയോടെ കമ്പനി പ്രവർത്തിക്കുന്നതായും, സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്ന സമഗ്ര പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അറിയിച്ചു. ടെർമിനൽ 4ൽ എല്ലാ സൗകര്യങ്ങളും ഒരുക്കി യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ വെല്ലുവിളികൾക്കിടയിലും വ്യോമയാന സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ സഹകരിച്ച എല്ലാ ഏജൻസികൾക്കും അധികൃതർ നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post