വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു


വനിതാ സംവരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു.ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബിൽ തള്ളപ്പെട്ടത്. വനിതാ സംഭരണ ബില്ലിൻ്റെ മറവിൽ മണ്ഡലം പുനർ നിർണ്ണയിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢ നീക്കമാണ് ഇതോടെ പൊളിഞ്ഞതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 


12 വർഷത്തെ ഭരണത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത് ഇതാദ്യമാണ്.


വോട്ടെടുപ്പിൽ പങ്കെടുത്ത അംഗങ്ങളിൽ 278 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്തു. ബിൽ പാസാക്കാൻ ആവശ്യമായ 326 വോട്ടുകൾ (മൂന്നിൽ രണ്ട് ഭൂരിപക്ഷം) നേടാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ നടന്ന വോട്ടെടുപ്പിലേറ്റ ഈ പ്രഹരം കേന്ദ്ര സർക്കാരിന് കനത്ത രാഷ്ട്രീയ ആഘാതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.


പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ബിൽ പരാജയപ്പെടുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. എന്നാൽ ബിൽ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. വോട്ടിനിട്ട് പരാജയപ്പെട്ടാൽ അത് പ്രതിപക്ഷത്തിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണമാക്കാമെന്ന

തന്ത്രമാണ് ബി.ജെ.പി

പയറ്റിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.


അതേസമയം, തങ്ങൾ വനിതാ സംവരണത്തെയല്ല മറിച്ച് മണ്ഡല പുനർനിർണ്ണയത്തെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പിലാക്കിക്കൂടാ എന്ന ചോദ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്. മണ്ഡല പുനർ നിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷം ആരോപിച്ചു.


വനിതാ സംവരണം എന്ന മനോഹരമായ വാഗ്ദാനത്തിന് മറവിൽ കേന്ദ്രസർക്കാർ ഒളിപ്പിച്ചുവെച്ച രാഷ്ട്രീയ കെണികൾ ഒടുവിൽ ലോക്സഭയിൽ പൊളിഞ്ഞു വീണിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. 33 ശതമാനം സംവരണം എന്ന സ്ത്രീകളുടെ കാലങ്ങളായുള്ള ആവശ്യത്തെ മുൻനിർത്തി, രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരയ്ക്കാനുള്ള ബി.ജെ.പിയുടെയും സംഘപരിവാറിൻ്റെയും തീവ്രശ്രമത്തിനാണ് പ്രതിപക്ഷം തടയിട്ടത്.


വോട്ടെടുപ്പിന് തൊട്ടുമുൻപ് 2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം ഇറക്കിയത് തന്നെ പരാജയം മുൻകൂട്ടി കണ്ടുള്ള കേന്ദ്രത്തിന്റെ വെപ്രാളമായിരുന്നു. സംവരണത്തിന് തങ്ങൾ അനുകൂലമാണെന്ന് വരുത്തിത്തീർക്കാനുള്ള ഈ കപടനാടകം 18 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ സഭയിൽ തെളിവുകൾ സഹിതം തുറന്നുകാട്ടിയെന്ന് നേതാക്കൾ പറഞ്ഞു.



അതേ സമയം ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന നാരീശക്തിക്ക് നിയമനിർമ്മാണ സഭകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നീക്കമാണ് പ്രതിപക്ഷത്തിന്റെ നിസ്സഹകരണം മൂലം ലോക്സഭയിൽ പരാജയപ്പെട്ടതെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. 


വോട്ടെടുപ്പിന് മുൻപ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും പിന്തുണ തേടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥന നടത്തിയിരുന്നു.

Post a Comment

Previous Post Next Post