നായ്ക്കനാലിൽ പുതിയ ആൽമരത്തൈ നട്ടു

 

തൃശൂർ : പൂരത്തിന്റെ വിളംബരവും കൊടിയേറ്റവും നടക്കാറുള്ള നായ്ക്കനാലിലെ പഴയ ആൽമരം ഉണങ്ങി നശിച്ചതിനെ തുടർന്ന് പുതിയ ആൽമരത്തൈ നട്ടു. കർണാടകയിലെ ഹൊസൂരിൽ നിന്നും എത്തിച്ച തൈ, വെള്ളിയാഴ്ച വൈകുന്നേരം തിരുവമ്പാടി ക്ഷേത്രനടയിൽ നിന്നും മംഗളവാദ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് നായ്ക്കനാലിലേക്ക് കൊണ്ടുവന്നത്. തുടർന്ന് പഞ്ചാക്ഷരീ മന്ത്രധ്വനികൾക്കിടയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആൽത്തറയിൽ തൈ സ്ഥാപിച്ചു.

​നിലവിൽ നട്ടിരിക്കുന്നത് ചെറിയ തൈ ആയതുകൊണ്ട് തന്നെ പഴയതുപോലെ വലിയ തണൽ ഈ പൂരക്കാലത്ത് ഇവിടെ ലഭ്യമാകില്ല. എങ്കിലും, ഉണങ്ങി നശിച്ച മരത്തിൽ കൊടിയേറ്റുന്നത് ഉചിതമല്ലാത്തതിനാലാണ് ആചാരപരമായ ശുദ്ധി നിലനിർത്താൻ അടിയന്തരമായി പുതിയ തൈ നട്ടത്. പൂരത്തിന് ശേഷം ഇവിടെ വലിയ ആൽമരം നടാനാണ് അധികൃതരുടെ തീരുമാനം.

​കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം. രവി, സെക്രട്ടറി കെ. ഗിരീഷ് കുമാർ, തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി, കേരള വന ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് പി. സുജനപാൽ, ഡോ. യു.എം. ചന്ദ്രശേഖര തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളായി.

Post a Comment

Previous Post Next Post