നടുക്കുന്ന നോവായി മുണ്ടത്തിക്കോട് ദുരന്തം; ജീവൻ നഷ്‌ടമായവർക്ക് ആദരാഞ്ജലികൾ;ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ


 തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപ്രതീക്ഷിത അപകടം അത്യന്തം വേദനാജനകവും നമ്മെ ഒരുമിച്ചു ഞെട്ടിക്കുന്നതുമാണ്. 


ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്തിരുന്ന സാധാരണക്കാരായ മനുഷ്യരുടെ മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചതെന്നത് ഉൾക്കൊള്ളാനാവാത്ത ദുഃഖമാണ്. ഒരു നിമിഷം കൊണ്ട് അനേകം ജീവനുകൾ നിശ്ശബ്ദമായി പൊലിഞ്ഞുപോയി എന്നത് വിശ്വസിക്കുവാൻ പോലും പ്രയാസകരമാണ്.

അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഞങ്ങൾ ഹൃദയപൂർവ്വം പങ്കുചേരുന്നു. വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം, ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനായി അതീവ ജാഗ്രതയും ഉത്തരവാദിത്വബോധവും അനിവാര്യമാണ്. വെടിക്കെട്ട് നിർമ്മാണ-പ്രയോഗ ശാലകളിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കരിമരുന്ന് പ്രയോഗങ്ങൾക്ക് പകരമായി, പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയില്ലാത്ത ലേസർ ലൈറ്റിംഗ് പോലുള്ള ആധുനിക മാർഗങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട സമയമാണിത്.

ആഘോഷങ്ങളും വിശ്വാസങ്ങളും ഒരിക്കലും മനുഷ്യജീവനെക്കാൾ വലുതാകരുത് എന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം

ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Post a Comment

Previous Post Next Post