നിതിന്‍ രാജിന്റെ മരണം ; ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി


 

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളുമായി മാനേജ്മെൻ്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. പിടിഎ യോഗം വിളിക്കാനും യോഗത്തിൽ ധാരണയായി.തിങ്കളാഴ്ച മുതൽ ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്മെൻ്റ് അംഗീകരിച്ചു.

നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളാണ് റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതും കൂടി കണക്കിലെടുത്താണ് റാമിനെ പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. നിലവില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന റാം ഒളിവിലാണ്. റാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രകടനമായി കോളേജിലേക്ക് എത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളേജില്‍ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണം എന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വൈറ്റ് കോട്ട് അഴിച്ചുള്ള പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചത്. 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്. ആദ്യം ഇതില്‍ കണ്ണീര്‍ പൊടിഞ്ഞു. പിന്നീട് ചോര പൊടിഞ്ഞു', എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

Post a Comment

Previous Post Next Post