വിഷുത്തിരക്ക്! ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു.


 വിഷുത്തിരക്ക്! ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു.

വിഷു പ്രമാണിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച്‌ ചെന്നൈയില്‍ നിന്ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് പ്രത്യേക തീവണ്ടികള്‍ റെയില്‍വേ അനുവദിച്ചു.

ചെന്നൈ എഗ്മോറില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി), ചെന്നൈ സെൻട്രലില്‍ നിന്ന് കൊല്ലത്തേക്കുമാണ് പ്രത്യേക സർവീസുകള്‍ നടത്തുന്നത്. ഏപ്രില്‍ 10-ന് രാത്രി 11.55-ന് എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06115) പിറ്റേന്ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം നോർത്തിലെത്തും. മടക്കയാത്ര ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് 3.45-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച്‌ പിറ്റേന്ന് രാവിലെ ചെന്നൈയിലെത്തും. സ്ലീപ്പർ, എസി ത്രി ടിയർ, ജനറല്‍ കോച്ചുകള്‍ ഈ ട്രെയിനിലുണ്ടാകും.

ചെന്നൈ സെൻട്രലില്‍ നിന്ന് കൊല്ലത്തേക്കുള്ള പ്രത്യേക ട്രെയിൻ (06119) ഏപ്രില്‍ 15-ന് ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. ഏപ്രില്‍ 16-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് മടക്കയാത്ര (06120) ആരംഭിക്കും. ഈ ട്രെയിനില്‍ 16 എസി ത്രി ടിയർ ഇക്കോണമി കോച്ചുകളാണുള്ളത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം ടൗണ്‍, കോട്ടയം വഴി പോകുന്ന ഈ സർവീസുകള്‍ക്ക് തൃപ്പൂണിത്തുറ ഒഴികെയുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ പത്തിന് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിനാണ് ഇപ്പോള്‍ ഭാഗികമായി പരിഹാരമായിരിക്കുന്നത്.

വിഷുവും വേനലവധിയും ഒത്തുചേരുന്നതോടെ നാട്ടിലേക്കുള്ള സ്ഥിരം തീവണ്ടികളിലെല്ലാം ടിക്കറ്റുകള്‍ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകള്‍ ഈ സാഹചര്യം മുതലെടുത്ത് വലിയ നിരക്ക് ഈടാക്കുന്നതിനിടെ റെയില്‍വേയുടെ ഈ നീക്കം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൂടാതെ, ഏപ്രില്‍ 9, 10 തീയതികളില്‍ തിരുനെല്‍വേലി – ചെന്നൈ എഗ്മോർ റൂട്ടിലും പ്രത്യേക സർവീസുകള്‍ നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച്‌ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കപ്പെടുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post