ദുബൈ : രാജ്യത്ത് റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പങ്കാളിത്തം ചെറുകിട വാഹനങ്ങൾക്കാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം 6014 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3834 അപകടങ്ങളിലും ചെറുകിട വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മോട്ടോർ സൈക്കിളുകളുമായി ബന്ധപ്പെട്ട അപകടങ്ങളാണ് കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത് 1224 കേസുകൾ.
ഹെവി ട്രക്കുകൾ ഉൾപ്പെട്ട അപകടങ്ങൾ 325 ആയി മാത്രം തുടരുമ്പോൾ, സൈക്കിളുകളുമായി ബന്ധപ്പെട്ടത് 158 ആണ്. 27 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഹെവി ബസുകൾ 131 അപകടങ്ങൾക്ക് കാരണമായി. കൂടാതെ ഇലക്ട്രിക് സ്കൂട്ടറുകൾ 120, ബസുകൾ 115, ഇ-ബൈക്കുകൾ 62, അജ്ഞാത വാഹനങ്ങൾ 31, ഹെവി-ലൈറ്റ് മെക്കാനിക്കൽ ഉപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ 13 അപകടങ്ങൾ വരുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
മൊത്തം അപകടങ്ങളിൽ 4085 എണ്ണം വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ്. 1102 അപകടങ്ങളിൽ കാൽനടയാത്രക്കാർക്ക് പരിക്കേറ്റു. പെട്ടെന്നുള്ള ലൈൻ മാറ്റം, അശ്രദ്ധമായ ഡ്രൈവിങ്, സുരക്ഷിത അകലം പാലിക്കാത്തത് എന്നിവയാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളായി കണ്ടെത്തിയത്.



