തപാൽ വോട്ടിൽ ക്രമക്കേടെന്ന് റീകൗണ്ടിംഗ് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ*


 തൃശ്ശൂർ:മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികത ഉണ്ടെന്നും ഇതിനെതിരേ നിയമ പോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർഥി ടി.എൻ പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി ശ്രീകുമാർ അറിയിച്ചു. തപാൽവോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീകൗണ്ടിംഗിനായി അപേക്ഷ നൽകിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാവു എന്നു വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടു.

പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ അസാധുവാകാൻ കാരണം. സമ്മതിദായകർ വോട്ടു രേഖപ്പെടുത്തിയശേഷം ബാലറ്റിനൊപ്പം ബാലറ്റിന്റെ കൗണ്ടർ ഫോയിൽ കൂടി അയയ്ക്കാൻ പോളിംഗ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകൾ അസാധുവാകാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ഇലക്ഷൻ ഹർജി ഫയൽ ചെയ്യാൻ യുഡിഎഫ് തീരുമാനിച്ചു. സമ്മതിദായകരുടെ ജനാധിപത്യപരമായ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post