ദുബായിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് മേയ് 12-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രയ്ക്കിടെ ഉണ്ടായ അടിയന്തര ആരോഗ്യപ്രശ്നത്തിൽ മലയാളി നഴ്‌സിന്റെ സമയോചിത ഇടപെടൽ ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 20 മിനിറ്റുകൾക്കകം 32 വയസ്സുകാരനായ യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലാകുകയായിരുന്നു. വിമാനത്തിനുള്ളിൽ പരിഭ്രാന്തി പടർന്നതോടെ കാബിൻ ക്രൂ മെഡിക്കൽ സഹായത്തിനായി അനൗൺസ്‌മെന്റ് നടത്തി. വിമാനത്തിന്റെ പിൻസീറ്റിലിരുന്ന റസൽഖൈമ ഹോസ്പിറ്റലിലെ നഴ്‌സായ അഖിലാവിയൻ നീലകണ്ഠൻ ഉടൻ തന്നെ സഹായത്തിനായി മുന്നോട്ടെത്തി. രോഗിക്ക് ശ്വാസമുണ്ടായിരുന്നെങ്കിലും പ്രതികരണമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നാലെ വിറയലും അപസ്മാരസാദൃശ്യമുള്ള ലക്ഷണങ്ങളും പ്രകടമായി. യാത്രക്കാർ ആശങ്കയിലായിരുന്നെങ്കിലും ആത്മവിശ്വാസത്തോടെ അഖിലാവിയൻ പ്രാഥമിക ശുശ്രൂഷ നൽകി.ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഡോക്ടറും ചികിത്സയിൽ പങ്കുചേർന്നു. കൂടുതൽ സൗകര്യത്തിനായി രോഗിയെ വിമാനത്തിന്റെ മുൻവശത്തേക്ക് മാറ്റി. വിമാനത്തിലെ പരിമിതമായ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഡോക്ടറുടെ നിർദേശപ്രകാരം അഖിലാവിയൻ ഐവി ലൈൻ നൽകി. പൾസും രക്തസമ്മർദ്ദവും നിരന്തരം നിരീക്ഷിച്ചു. രക്തത്തിലെ ഗ്ലൂക്കോസ് നില കുറഞ്ഞതാകാമെന്നാണ് സംശയിച്ചെങ്കിലും വിമാനത്തിൽ ഗ്ലൂക്കോമീറ്റർ ഉണ്ടായിരുന്നില്ല.
തുടർന്ന് ഇലക്ട്രോലൈറ്റുകളും ഐവി ഫ്ലൂയിഡുകളും നൽകി ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിന്റെ ആരോഗ്യനില സ്ഥിരതയിലെത്തിക്കാനായി. തന്റെ കരിയറിലെ ആദ്യ അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന അഖിലാവിയന്റെ ജീവിതത്തിലെ രണ്ടാമത്തെ മാത്രം വിമാനയാത്രയായിരുന്നു ഇത്.
ബോധം വീണ്ടെടുത്ത ശേഷം അഖിലാവിയൻ യുവാവിന്റെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ അന്വേഷിച്ചപ്പോൾ “ഇപ്പോൾ സുഖമാണ് സഹോദരീ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിമാനം തിരുച്ചിറപ്പള്ളിയിൽ ഇറങ്ങിയ ഉടൻ തന്നെ വിമാനത്താവളത്തിലെ അടിയന്തര മെഡിക്കൽ സംഘത്തിന് യുവാവിനെ കൈമാറി. യാത്രക്കാരന് കൃത്യസമയത്ത് മികച്ച പരിചരണം നൽകിയതിന് എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അഖിലാവിയന് കൈയെഴുത്ത് നന്ദിപത്രവും പ്രത്യേക സമ്മാനവും നൽകി ആദരിച്ചു.



