മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു


 പുത്തന്‍കുരിശ് : മലങ്കര യാക്കോബായ സുറിയാനി സഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മെത്രാപ്പോലീത്തന്മാരെ വാഴിച്ച് സഭയില്‍ ജനാധിപത്യ ഭരണസംവിധാനത്തിന് തുടക്കം കുറിച്ച 1876-ല്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ 2026 നവംബര്‍ മാസത്തില്‍ സഭാ തലത്തില്‍ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു.


മുളന്തുരുത്തി സുന്നഹദോസിന്റെ മുഖ്യ സംഘാടകനായിരുന്ന പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ 125-ാമത് ദു:ഖ്‌റോനോയും ചേര്‍ന്ന് ആഘോഷിക്കുവാന്‍ തീരുമാനമെടുത്തു. സഭയുടെ എപ്പിസ്‌ക്കോപ്പസിയും ജനാധിപത്യവും കോര്‍ത്തിണക്കികൊണ്ടുള്ള ഭരണ ക്രമീകരണവും, സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ വ്യക്തമായി നിര്‍വചിച്ച സുന്നഹദോസ് തീരുമാനങ്ങളും മലങ്കര സഭയുടെ 'മാഗ്നകാര്‍ട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പരി. പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ ആദ്യമായിട്ട് വി. മൂറോന്‍ കൂദാശ നടത്തിയതും മുളന്തുരുത്തി സുന്നഹദോസിനോട് അനുബന്ധിച്ചായിരുന്നു.


ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി. മൂറോന്‍ കൂദാശ നടത്തുവാന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവായോട് അപേക്ഷിക്കുവാന്‍ തീരുമാനിച്ചു. മുളന്തുരുത്തി സുന്നഹദോസിനെ ഓര്‍മ്മപ്പെടുത്തികൊണ്ട് പള്ളി പ്രതിനിധികളെ ഉള്‍പ്പെടുത്തി പരി. പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പിന്‍ഗാമിയായി 123-ാമത് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ സമാനമായ മുളന്തുരുത്തി സുന്നഹദോസ് ചേരുവാന്‍ തീരുമാനിച്ചു.


കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 16-ാമത് മന്ത്രിസഭയ്ക്ക് പരി. എപ്പിസ്‌കോപ്പൽ സുന്നഹദോസ് ആശംസകള്‍ നേര്‍ന്നു. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് വികസനത്തില്‍ ഊന്നല്‍ കൊടുത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന ഭരണം കാഴ്ച വയ്ക്കാനും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷയ്ക്കനുസരിച്ച് തീരുവാനും സാധിക്കട്ടെ എന്നും ആശംസിച്ചു. വാര്‍ദ്ധക്യത്തില്‍ ആയിരിക്കുന്നവരുടെ ക്ഷേമത്തിനായി ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് ലോകത്തിന് തന്നെ ഒരു മാതൃകയായെന്ന് സുന്നഹദോസ് വിലയിരുത്തി.


മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേല്‍ റമ്പാച്ചനെ വാഴിച്ച് തരണമെന്നുള്ള മേഖല പള്ളി പ്രതിപുരുഷ യോഗത്തിന്റെ അപേക്ഷ സുന്നഹദോസ് അംഗീകരിക്കുകയും പരി. പാത്രിയര്‍ക്കീസ് ബാവായുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാനും തീരുമാനിച്ചു.


അങ്കമാലി മേഖലയുടെ മെത്രാപ്പോലീത്തയായി ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായ്ക്ക് ചുമതല നല്‍കി. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖല പുതിയയായി രൂപം കൊടുക്കുവാനും ആയതിന്റെ ചുമതല വൈദീക സെമിനാരി മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കുവാനും തീരുമാനിച്ചു. മുംബൈ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി.


എം.ജെ.എസ്.എസ്.എ. യുടെ പ്രസിഡന്റായി ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ നിയമിക്കുവാനും തീരുമാനിച്ചു. ദീര്‍ഘകാലം സഭാ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച കമാണ്ടര്‍ ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കലിന്റെ നിര്യാണത്തില്‍ സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തി.


ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസില്‍ മലങ്കര കത്തോലിക്ക സഭയുടെ അദ്ധ്യക്ഷന്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ ധ്യാനത്തിന് നേതൃത്വം നല്‍കി. സുന്നഹദോസില്‍ 25 മെത്രാപ്പോലീത്തമാര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post