പെൻഷൻ വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യലിങ്കുകൾ, ക്ലിക്ക് ചെയ്താൽ കാശ് പോകും; മുന്നറിയിപ്പുമായി കേരള പൊലീസ്


 തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ ബാങ്കുകളുടെ പേരിൽ "Pension Card", "Monthly Pension Scheme", "Senior Citizen Benefit Card" എന്നിവയുടെ വ്യാജ പരസ്യ ലിങ്കുകൾ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പ് വ്യാപകം. ഇത്തരം പരസ്യങ്ങളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് വാട്സ്ആപ്പ് ചാറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ട ബാങ്കിൻ്റെ കസ്റ്റമർ കെയർ അല്ലെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ കോളുകൾ വഴിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.പെൻഷൻ കാർഡ് ആക്ടിവേഷനു വേണ്ടി "Pension Form" എന്ന പേരിൽ ഒരു ലിങ്ക് അയക്കുകയും അത് തുറന്ന് വിവരങ്ങൾ പുരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലിങ്ക് തുറക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ഫോണിൽ മാൽവെയർ അടങ്ങിയ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഈ മാൽവെയർ ആപ്ലിക്കേഷൻ വഴി മൊബൈലിലെ ഒടിപി സന്ദേശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ, എസ്എംഎസ് വിവരങ്ങൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. തുടർന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ക്രെഡിറ്റ് കാർഡുകളിൽ നിന്നും അവർ അറിയാതെ തന്നെ സൈബർ തട്ടിപ്പുകാർ പണം തട്ടുന്നതായും കേരള പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post