തിരുവനന്തപുരം:ഐ.എസ്.ആർ.ഒയ്ക്ക് കീഴിലുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി) മുൻ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു.
ശാസ്തമംഗലം ലുമിയർ വീട്ടിൽ താമസിച്ചിരുന്ന അദ്ദേഹം പൊന്നാനിക്കടുത്ത് കോക്കൂർ മാനംകണ്ടത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെ മകനാണ്.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ആരംഭഘട്ടത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ അടുത്ത സഹപ്രവർത്തകനായിരുന്നു. 1966-ൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിലെ ആദ്യകാല എഞ്ചിനീയർമാരുടെ സംഘത്തിൽ അംഗമായിരുന്ന അദ്ദേഹം നമ്പി നാരായണൻ ഉൾപ്പെടെയുള്ള പ്രമുഖ ശാസ്ത്രജ്ഞരോടൊപ്പം പ്രവർത്തിച്ചു.
1967-ൽ ഡോ. കലാം, വി.വി. ബാബു, സി.ബി. കർത്ത എന്നിവരോടൊപ്പം തുമ്പയിൽ പൈറോ ലാബ് സ്ഥാപിക്കുന്നതിൽ മുൻനിര പങ്കുവഹിച്ചു. പിന്നീട് ഇത് സ്‌പേസ് ഓർഡനൻസ് ഗ്രൂപ്പായി വളർന്നു. ഐ.എസ്.ആർ.ഒയിലെ എയ്‌റോസ്‌പേസ് മെക്കാനിസങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും വികസനത്തിൽ 1960-70 കാലഘട്ടങ്ങളിൽ നിർണായക സംഭാവന നൽകിയ വ്യക്തിയാണ് അദ്ദേഹം.
ഡോ. കലാമിന്റെ മാർഗനിർദേശപ്രകാരം 1981-ൽ വി.എസ്.എസ്.സിയിലെ എയ്‌റോസ്‌പേസ് മെക്കാനിസംസ് ഡിവിഷൻ (എ.എസ്.എം.ഡി) രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇൻസാം (ഇന്ത്യൻ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് എയ്‌റോസ്‌പേസ് മെക്കാനിസംസ്) സ്ഥാപകനായ അദ്ദേഹം 1999 ജൂൺ 22-ന് ഡോ. എ.പി.ജെ. അബ്ദുൽ കലാം ഉദ്ഘാടനം ചെയ്ത സംഘടനയുടെ രൂപീകരണത്തിന് നേതൃത്വം നൽകി. വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു.
പാലക്കാട് കുമരനെല്ലൂര് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം
സാമൂഹിക രംഗത്തും സജീവമായിരുന്ന അദ്ദേഹം ശാസ്തമംഗലം ജുമാ മസ്ജിദിന്റെ മുൻ പ്രസിഡന്റും മുസ്ലിം അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റും മുസ്ലിം എജുക്കേഷൻ സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ എം.കെ. അബ്ദുൽ ഹമീദ്, സ്റ്റേറ്റ് ഉപഭോക്തൃ കമ്മീഷൻ അംഗം അഡ്വ. എം.കെ. അബ്ദുല്ല ഷോണ, റിട്ട. പ്രഫസർ എം.കെ. ഇബ്രാഹിം കുട്ടി, എം.കെ. മുഹമ്മദ് കുട്ടി , സ്വപ്ന എന്നിവർ സഹോദരങ്ങളാണ്.
ഭാര്യ: ആരിഫ പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകളാണ് .
ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഭാര്യ സഹോദരനാണ്.
മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു.
മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ.
ഖബറടക്കം ഇന്ന് (02/05/2026 ) രാത്രി 8 മണിക്ക് പാളയം ജുമാ മസ്ജിദിൽ നടക്കും.



