തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകും. മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും യുഡിഎഫ് പ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പത്തു വര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ളത്.
യുഡിഎഫ് സര്‍ക്കാരിന് ജനങ്ങളുടെ പരിപൂര്‍ണമായ പിന്തുണ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയില്‍ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പോലും പങ്കെടുക്കാതെ രമേശ് ചെന്നിത്തല തലസ്ഥാനം വിടുകയായിരുന്നു.തെരഞ്ഞെടുപ്പ് ഫലം വന്നശേഷം, ദിവസങ്ങള്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ ശക്തമായി നിലയുറപ്പിച്ചതോടെയാണ്, പ്രശ്‌നം സങ്കീര്‍ണ്ണമായത്. എംഎല്‍എമാരുടെ കൂടുതല്‍ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ കെസി വേണുഗോപാല്‍ പക്ഷം കരുക്കള്‍ നീക്കിയപ്പോള്‍, ജനവികാരവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയുമാണ് വിഡി പക്ഷത്തിന് കരുത്തായത്.



