തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കാനും മയക്ക് മരുന്ന് വിപണനം കാര്യക്ഷമമായി തടയാന്‍ ലക്ഷ്യമിട്ടും നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും മാറ്റം കൊണ്ടുവരും. സ്റ്റേഷനുകളില്‍ ആര് കടന്നുവന്നാല്‍ ആദ്യം ഗുഡ്‌മോണിങ് പറയും. നമസ്‌കാരം പറയും. അവരെ സ്വീകരിച്ച് ഇരുത്തി അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.പൊലീസ് സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കും. സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യും. ഇതിന് പൊലീസ് ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കും. പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മുഖം നല്‍കും. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം ഉണ്ടാവും. സ്റ്റേഷനുകളില്‍ വരുന്നവരെ കുറ്റവാളിയായി കാണാതെ അവര്‍ പറയുന്നത് സമചിത്തതയോടെ കേള്‍ക്കാനും അത് പരിഹരിക്കാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പൊലീസ് സ്റ്റേഷന്‍ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.ഓപ്പറേഷന്‍ തൂഫാന്‍
സ്‌കൂളുകള്‍ ജൂണ്‍ ഒന്നുമുതല്‍ തുറക്കുകയാണ്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയാണ്. കുട്ടികളെ മയക്കുമരുന്ന് മാഫിയ പരമാവധി ചൂഷണം ചെയ്യുകയാണ്. ഇത് തടയാന്‍ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ തൂഫാന്‍ നര്‍ക്കോ ഹണ്ട് എന്ന പേരില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയതായി രമേശ് ചെന്നിത്തല അറിയിച്ചു. മയക്കുമരുന്നിന്റെ വേര് അറക്കുക എന്ന ലക്ഷ്യമിട്ട് കേരള പൊലീസ് വരുംദിവസങ്ങളില്‍ അതിശക്തമായ ഓപ്പറേഷന്‍ നടത്തും. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കേരള പൊലീസ് നിരീക്ഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡന്‍സ് പൊലീസിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും. പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കും. സൈബര്‍ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സാങ്കേതികമായ പരിമിതികള്‍ ഉണ്ട്. സൈബര്‍ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ കൊണ്ട് വരും. ഓപ്പറേഷന്‍ കുബേരയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.



