ചങ്ങരംകുളം: പത്ര ദൃശ്യ ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ (KMPU) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും ജൂൺ 23ന് ചങ്ങരംകുളത്ത് സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലയിൽ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം, പൊന്നാനി, എടപ്പാൾ മേഖലകൾ ഉൾപ്പെടുത്തി പുതിയ എടപ്പാൾ മേഖല രൂപീകരിക്കാനും, എരമംഗലം, പെരുമ്പടപ്പ് പ്രദേശങ്ങൾ ചങ്ങരംകുളം മേഖലയിലേക്ക് ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. എടപ്പാൾ മേഖല കമ്മിറ്റി രൂപീകരണ യോഗം ജൂൺ 20ന് നടത്തും.
കൂടാതെ കോട്ടക്കൽ, തിരൂർ, എടവണ്ണ, വണ്ടൂർ, നിലമ്പൂർ, മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ മേഖല കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
ന്യൂസ് കോർണർ ഓഫീസിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജീന മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ അംഗത്വം പുതുക്കിയവരുടെ പട്ടിക മുൻ സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹമീദ് കോക്കൂരിന് കൈമാറി.
സംസ്ഥാന കമ്മിറ്റി അംഗം പ്രേമദാസ് പിടാവനൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി എരമംഗലം, അസ്‌ന മാറഞ്ചേരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി. സുനീർ സ്വാഗതം പറഞ്ഞു



