സന്ദർശന വിസയിൽ പിതാവിനരികിലെത്തി; ഒമാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം


 ഒമാനിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാല് വയസുകാരിയായ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മസ്‌കത്തിന് സമീപമുള്ള റുസൈലിൽ തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് സ്വദേശികളായ പ്രദീപിന്റെയും ദിവ്യയുടെയും ഏകമകൾ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്. സംഭവസമയത്ത് പിതാവ് താമസസ്ഥലത്തിന് സമീപത്തെ സൂപ്പർമാർക്കറ്റിൽ ജോലിയിലായിരുന്നു. ഉറങ്ങിക്കിടന്ന ദക്ഷയെ വീട്ടിലാക്കി അമ്മ ദിവ്യ ഭർത്താവിന്റെ അടുത്തേക്ക് പോയതായാണ് വിവരം. ഇതിനിടെ ഉറക്കമുണർന്ന കുട്ടി അമ്മയെ അന്വേഷിച്ച് ജനലിനരികിലെത്തി പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


വീട്ടിലെ വൈ-ഫൈ കണക്ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ജനലിലെ സുരക്ഷാ നെറ്റിൽ മുമ്പ് ഉണ്ടാക്കിയിരുന്ന വിടവിലൂടെയാണ് കുട്ടി അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവരം ലഭിച്ചതോടെ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അടുത്തിടെയാണ് ദിവ്യയും മകൾ ദക്ഷയും സന്ദർശക വിസയിൽ ഒമാനിലെത്തിയത്. കഴിഞ്ഞ മാർച്ച് 23-നാണ് ദക്ഷയുടെ നാലാം പിറന്നാൾ ആഘോഷിച്ചത്. ആ സന്തോഷം മായും മുമ്പേ ഉണ്ടായ ഈ അപ്രതീക്ഷിത മരണം കുടുംബത്തെയും ഒമാനിലെ മലയാളി സമൂഹത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്

Post a Comment

Previous Post Next Post