മൺസൂൺ പകർച്ചവ്യാധി പ്രതിരോധം: കുന്നംകുളം നഗരസഭയിൽ തീവ്രശുചീകരണ യത്നം സംഘടിപ്പിച്ചു.

 
മൺസൂൺ കാലയളവിലെ പകർച്ചവ്യാധി വർദ്ധനവ് തടയുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കുന്നംകുളം നഗരസഭയിൽ പൊതുജനപങ്കാളിത്തത്തോടെ തീവ്രശുചീകരണ യത്നം സംഘടിപ്പിച്ചു.

 ടി. കെ. കൃഷ്ണൻ റോഡിൽ വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി സൗമ്യ അനിലൻ നിർവഹിച്ചു.

വർഷകാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും കൊതുക് പെരുകുന്നത് നിയന്ത്രിക്കുന്നതിനുമായി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കാണ് യജ്ഞത്തിൽ മുൻഗണന നൽകുന്നത്. നഗരത്തിലെ ഓടകൾ വൃത്തിയാക്കൽ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യൽ, പൊതുസ്ഥലങ്ങളിലെ കാടും പടലുകളും വെട്ടിമാറ്റൽ തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നത്.

ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
 നഗരസഭ വൈസ് ചെയർമാൻ പി. ജി. ജയപ്രകാശ് ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി. സോമശേഖരൻ, വാർഡ് കൗൺസിലർ റോഷിത്ത് ഓടാട്ട് എന്നിവരും ചടങ്ങിൽ സന്നിഹിതരായി. ഹെൽത്ത്‌ ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, കന്റീജന്റ് ജീവനക്കാർ എന്നിവരടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് തീവ്രശുചീകരണ യത്നം വിജയകരമായി പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post